viral old interview

This video discusses a viral old interview featuring popular Malayalam actors Manju Warrier and Dileep, originally published in the July 2003 issue of Chithrabhumi magazine. Titled “Dileepettanum Meenakshiyum Ente Lokam” (Dileepettan and Meenakshi are my world), the interview highlights Manju Warrier’s life as a homemaker during her hiatus from cinema, her bond with her daughter Meenakshi, and her perspective on family life at their Aluva home after the completion of C.I.D. Moosa. Although the couple later separated, this nostalgic archival piece sheds light on their past family dynamic and continues to spark widespread discussion among Malayalam cinema fans on social media.

മലയാള സിനിമയുടെ ചരിത്രത്തിൽ ഒരുകാലത്ത് പ്രേക്ഷകർ ഏറെ ആഘോഷിച്ച താരജോഡികളിൽ ഒന്നായിരുന്നു മഞ്ജു വാര്യരും ദിലീപും. വെള്ളിത്തിരയിലെ സ്വാഭാവികമായ അഭിനയവും മനോഹരമായ കെമിസ്ട്രിയും കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഇരുവരും ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർക്ക് ആ ജോഡിയോടുള്ള ഇഷ്ടവും ആരാധനയും പതിൻമടങ്ങായി വർധിച്ചു. നിരവധി സെലിബ്രിറ്റി വിവാഹങ്ങളും വിവാഹമോചനങ്ങളും മലയാളികൾ കണ്ടിട്ടുണ്ടെങ്കിലും, ഒരിക്കലും സംഭവിക്കരുതായിരുന്നു എന്ന് ഇന്നും പ്രേക്ഷകർ പറയാറുള്ള ഒന്നാണ് ദിലീപിന്റെയും മഞ്ജുവിന്റെയും വേർപിരിയൽ.

വേർപിരിയലിന് ശേഷം സിനിമയിൽ നിന്നും ദീർഘകാലം ഇടവേളയെടുത്ത മഞ്ജു വളരെ വിരളമായി മാത്രമേ അഭിമുഖങ്ങൾ നൽകിയിരുന്നുള്ളൂ. എന്നാൽ അടുത്ത കാലത്തായി മഞ്ജുവിന്റെ പഴയ അഭിമുഖങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതിൽ മിക്കതും കുടുംബിനിയായിരുന്ന സമയത്ത് ദിലീപിനൊപ്പം നൽകിയ പഴയകാല അഭിമുഖങ്ങളാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മാറിയ ഒന്നാണ് ‘സി.ഐ.ഡി മൂസ’യുടെ ഷൂട്ട് പൂർത്തിയാക്കിയ ശേഷം ആലുവയിലെ വീട്ടിലെത്തിയപ്പോൾ മുൻ ഭാര്യ മഞ്ജുവും മകൾ മീനാക്ഷിക്കുമൊപ്പം നൽകിയ അഭിമുഖം.

പ്രശസ്തമായ ചിത്രഭൂമി മാസികയുടെ 2003 വർഷത്തെ ജൂലൈ ലക്കത്തിലാണ് ഈ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നത്. ആ ലക്കത്തിന്റെ കവർ പേജിൽ ദിലീപിന്റെ കൊച്ചു കുടുംബമായിരുന്നു ഇടംനേടിയിരുന്നത്. ‘ദിലീപേട്ടനും മീനാക്ഷിയും എന്റെ ലോകം’ എന്നതായിരുന്നു അഭിമുഖത്തിന്റെ പ്രധാന തലക്കെട്ട്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നതിനെക്കുറിച്ചും, മീനാക്ഷിയും ദിലീപും തമ്മിലുള്ള അച്ഛൻ-മകൾ ബന്ധത്തെക്കുറിച്ചുമെല്ലാം മഞ്ജു ഈ അഭിമുഖത്തിൽ വാചാലയാകുന്നുണ്ട്.

കണ്ണ് കാണാൻ പോലും കിട്ടാത്ത അച്ഛനെ വീട്ടിൽ ലഭ്യമാകുമ്പോൾ മീനാക്ഷിയുടെ കുസൃതികൾ കൂടുമെന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു സംസാരിച്ചുതുടങ്ങുന്നത്. സി.ഐ.ഡി മൂസയിൽ മഞ്ജു അഭിനയിക്കുന്നുണ്ടെന്ന തരത്തിൽ അക്കാലത്ത് പ്രചരിച്ചിരുന്ന വാർത്തകളെക്കുറിച്ചും താരം പ്രതികരിക്കുന്നുണ്ട്. “അങ്ങനെ ഒരു കഥ പ്രചരിക്കുന്നതായി ഞാനും കേട്ടു, പലരും എന്നെ വിളിച്ചു ചോദിച്ചു. നിങ്ങൾ സിനിമ പോയി കാണൂ, അപ്പോൾ അറിയാം എന്നാണ് ഞാൻ അവരോടെല്ലാം പറഞ്ഞത്,” എന്ന് മഞ്ജു വ്യക്തമാക്കി. മഞ്ജു ഇനി അഭിനയ രംഗത്തേക്ക് ഇല്ലേ എന്ന ചോദ്യം ആദ്യം ദിലീപിന് നേർക്കാണ് എത്തിയതെങ്കിലും, നടൻ അത് മഞ്ജുവിനോട് ചോദിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് “ദിലീപേട്ടനും മീനാക്ഷിയുമാണ് എന്റെ ലോകം” എന്ന് മഞ്ജു തീർത്തുപറഞ്ഞു.

മഞ്ജുവിനെ സിനിമയിൽ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോൾ, “അത് എന്റെ മിസ്സിസ് ആയതുകൊണ്ടായിരിക്കാം” എന്ന രസകരമായ കമന്റാണ് ദിലീപ് നൽകിയത്. മുമ്പ് ചെയ്ത സിനിമകൾ വീണ്ടും കാണാറുണ്ടോയെന്ന ചോദ്യത്തിന്, താൻ ചെയ്ത കഥാപാത്രങ്ങൾക്ക് പൂർണ്ണത പോരെന്ന് തോന്നുമ്പോൾ വല്ലാത്തൊരു ചമ്മൽ തോന്നാറുണ്ടെന്നാണ് മഞ്ജു മറുപടി നൽകിയത്. തന്റെ സിനിമകൾ ടിവിയിലൂടെ വരുമ്പോൾ മീനാട്ടി തന്നെയും സ്ക്രീനിലും മാറി മാറി നോക്കുമെന്നും, അച്ഛനെ അവൾ അധിക നേരവും കാണുന്നത് സ്ക്രീനിലാണല്ലോ എന്നും താരം പറയുന്നു.

പിന്നീട് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുകയും ഡിവോഴ്സിനു ശേഷം മകളുടെ സംരക്ഷണം ദിലീപിന് മഞ്ജു വിട്ടുകൊടുക്കുകയും ചെയ്തു. എങ്കിലും മീനാക്ഷിയുടെ എല്ലാ വിവരങ്ങളും അല്പം ദൂരെ നിന്നെങ്കിലും മഞ്ജു അറിയുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. അമ്മയെന്ന നിലയിൽ സോഷ്യൽ മീഡിയയിലൂടെ മകളെ കൺമുന്നിൽ കാണാനും പിന്തുണയ്ക്കാനും മഞ്ജു ശ്രദ്ധിക്കാറുണ്ട്.