Thousands of years ago, long before cranes, modern machinery, or computers existed, humans built some of the strangest and most unbelievable historical structures in the world. In this video, we explore architectural marvels and ancient wonders that still astound the scientific community today, ranging from grand medieval fortresses and intricate stepped pyramids to ancient underground water systems and soaring cathedrals built with astonishing precision.
ശാസ്ത്ര ലോകം ഇന്നും അത്ഭുതത്തോടെ കാണുന്ന ലോകത്തിലെ ഏറ്റവും വിചിത്രവും അവിശ്വസനീയവുമായ ചരിത്ര നിർമ്മിതികളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ താഴെ നൽകുന്നു:
1. മോൺസെൻറ് മൈക്കിൾ, ഫ്രാൻസ്
ഫ്രാൻസിന്റെ വടക്കു പടിഞ്ഞാറൻ തീരത്ത് നോർമൻഡിക്കും ബ്രിട്ടാനിക്കും ഇടയിലുള്ള കടലിലെ ഒരു ഗ്രാനൈറ്റ് പാറക്കെട്ടിന് മുകളിൽ സ്ഥിതി ചെയ്യുന്ന അത്ഭുതകരമായ ഗ്രാമവും ആശ്രമമാണിത്. എഡി 708ൽ ആവറാഞ്ചസിലെ ബിഷപ്പായ ഔബർട്ടിന് വിശുദ്ധ മൈക്കൽ മാലാഖ പ്രത്യക്ഷപ്പെട്ടു നൽകിയ നിർദ്ദേശപ്രകാരമാണ് ഇവിടെ ആദ്യത്തെ പള്ളി പണിതെന്നാണ് ചരിത്രം. യൂറോപ്പിലെ തന്നെ ഏറ്റവും ശക്തമായ വേലിയേറ്റങ്ങൾ നടക്കുന്ന ഇടമാണിത്. വേലിയേറ്റ സമയത്ത് കടൽ വെള്ളം ഏകദേശം 46 അടി വരെ ഉയർന്ന് മണിക്കൂറിൽ കുതിരയോടുന്ന വേഗത്തിൽ കരയിലേക്ക് ഇരച്ചുകയറും. ആ സമയത്ത് ഇതൊരു പൂർണ്ണ ദ്വീപായി മാറും. എന്നാൽ ലോ ടൈഡ് സമയത്ത് കിലോമീറ്ററുകളോളം നനഞ്ഞ മണൽ പരപ്പ് തെളിഞ്ഞുവരും. നൂറ്റാണ്ടുകളായി ഇവിടേക്ക് വന്നിരുന്ന തീർത്ഥാടകർ പലരും പെട്ടെന്ന് കയറിവരുന്ന ഈ വേലിയേറ്റത്തിലും പൂഴിമണലിലും പെട്ട് മരിച്ചിട്ടുണ്ട്. കടലിന് നടുവിൽ തട്ടുകളായി പണിതുയർത്തിയ ഗോത്തിക് ആശ്രമം എൻജിനീയറിങ്ങിന്റെ ഒരു വലിയ വിസ്മയമാണ്.
2. ഗിസയിലെ പിരമിഡുകൾ, ഈജിപ്ത്
ഏകദേശം 4500 വർഷങ്ങൾക്കു മുൻപാണ് ഫറവോ കുഫുവിന്റെ ഭരണകാലത്ത് ഈ മഹാത്ഭുതം പണിതുയർത്തിയത്. 23 ലക്ഷത്തിലധികം ചുണ്ണാമ്പു കല്ലുകളും ഗ്രാനൈറ്റ് പാറകളും അടുക്കിവെച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിലെ ഓരോ കല്ലിനും ശരാശരി രണ്ടര ടൺ മുതൽ 15 ടൺ വരെയും ചില വലിയ ഗ്രാനൈറ്റ് ബ്ലോക്കുകൾക്ക് 50 മുതൽ 80 ടൺ വരെയും ഭാരമുണ്ട്. പണിത സമയത്ത് ഇതിന് 481 അടി ഉയരമുണ്ടായിരുന്നു. എഡി 1311ൽ ഇംഗ്ലണ്ടിലെ ലിങ്കൺ കത്തീഡ്രൽ ഉയരുന്നത് വരെ, അതായത് നീണ്ട 3800 ലധികം വർഷക്കാലം ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതി ഇതായിരുന്നു. ഇതിന്റെ നാലു വശങ്ങളും യഥാർത്ഥ ദിശകളിലേക്ക് ഒരു ഡിഗ്രിയുടെ പത്തിലൊന്ന് മാത്രം വ്യത്യാസത്തിൽ അത്രയധികം സൂക്ഷ്മമായാണ് അലൈൻ ചെയ്തിരിക്കുന്നത്. ഈജിപ്തിലെ അവസാന രാജ്നിയായ ക്ലിയോപാട്ര ഏഴാമത് ജീവിച്ചിരുന്നത് ഈ പിരമിഡുകൾ പണിത കാലത്തേക്കാൾ നമ്മൾ ജീവിക്കുന്ന ഇന്നത്തെ കാലഘട്ടത്തോടാണ് കൂടുതൽ അടുത്തു നിൽക്കുന്നത്.
3. ചിച്ചൻ ഇറ്സ, മെക്സിക്കോ
മെക്സിക്കോയിലെ യൂക്കാട്ടൻ കാടുകൾക്കുള്ളിലുള്ള മായൻ സംസ്കാരത്തിന്റെ കേന്ദ്രമാണ് ചിച്ചൻ ഇറ്സ. ഇവിടുത്തെ പ്രധാന ആകർഷണമാണ് എൽകാസ്കിലോ അഥവാ കുക്കുൽക്കന്റെ ക്ഷേത്രം. 79 അടി ഉയരമുള്ള ഈ സ്റ്റെപ്പ് പിരമിഡിന് മുകളിൽ ക്ഷേത്രം കൂടി ചേർത്താൽ 98 അടിയോളം ഉയരമുണ്ട്. ഇതിന്റെ നാലു വശങ്ങളിലെയും 91 പടികൾ വീതവും മുകളിലെ പൊതുവായ പ്ലാറ്റ്ഫോമും കൂട്ടുമ്പോൾ ആകെ 365 വരും. അതായത് മായൻ സോളാർ കലണ്ടറിലെ ഓരോ ദിവസത്തെയും കൃത്യമായി അടയാളപ്പെടുത്തിയ പടികൾ. വർഷത്തിൽ രണ്ടു തവണ (മാർച്ച്, സെപ്റ്റംബർ മാസങ്ങളിലെ വിഷുവം ദിനങ്ങളിൽ) ഉച്ചതിരിഞ്ഞ് സൂര്യൻ പടിഞ്ഞാറോട്ട് ചാഴുമ്പോൾ ഒൻപത് തട്ടുകളുടെ നിഴലുകൾ വടക്കേ ഗോവണിയുടെ വശത്തു വീണ് ഏഴ് ത്രികോണ നിഴലുകൾ രൂപപ്പെടുന്നു. ഇത് താഴെയുള്ള വലിയ കൽസർപ്പത്തിന്റെ തലയുമായി കൂടിച്ചേർന്ന് ഒരു ഭീമൻ ചിറകുള്ള പാമ്പ് താഴേക്ക് ഇഴഞ്ഞിറങ്ങി വരുന്നത് പോലെ കാണപ്പെടുന്നു.
4. കൊളോസിയം, റോം, ഇറ്റലി
റോമാ സാമ്രാജ്യത്തിന്റെ പ്രൗഡി വിളിച്ചോതുന്ന സാക്ഷാൽ കൊളോസിയം എഡി 70 മുതൽ 80 വരെയുള്ള കാലഘട്ടത്തിൽ വെസ്പേഷ്യൻ, ടൈറ്റസ് ചക്രവർത്തിമാരുടെ കീഴിലാണ് നിർമ്മിച്ചത്. ട്രാവർടൈൻ ചുണ്ണാമ്പുകല്ലും അഗ്നിപർവ്വത ടഫും ഉപയോഗിച്ച് നിർമ്മിച്ച ഈ ആംഫി തിയേറ്ററിന് ഒരേസമയം 50,000 മുതൽ 80,000 വരെ ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടായിരുന്നു. 620 അടി നീളവും 512 അടി വീതിയുമുള്ള ഈ കെട്ടിടത്തിൽ 80 പ്രവേശന കമാനങ്ങൾ ഉണ്ടായിരുന്നു. ഇതിലൂടെ വെറും 10 മുതൽ 15 മിനിറ്റിനുള്ളിൽ മുഴുവൻ കാണികളെയും സുരക്ഷിതമായി പുറത്തിറക്കാൻ കഴിയുന്ന വോമിറ്റോറിയ എന്ന പാസേജ് സിസ്റ്റം ഉണ്ടായിരുന്നു. ഇതിനു താഴെയായി മൃഗങ്ങളെയും ഗ്ലാഡിയേറ്റർമാരെയും പാർപ്പിച്ചിരുന്ന ഹൈപ്പോജിയം എന്ന രണ്ടുനില ഭൂഗർഭ തുരംഗ ശൃംഖലയും റോമൻ എൻജിനീയർമാർ നിർമ്മിച്ചിരുന്നു.
5. ബോറോബുദൂർ, ഇന്തോനേഷ്യ
ഇന്തോനേഷ്യയിലെ മധ്യജാവയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്ര സമുച്ചയമാണിത്. എട്ടാം നൂറ്റാണ്ടിലും ഒൻപാം നൂറ്റാണ്ടിലുമായി ശൈലേന്ദ്ര രാജവംശമാണ് അഗ്നിപർവ്വതങ്ങളിൽ നിന്നുള്ള 55,000 ക്യൂബിക് മീറ്റർ ആൻഡിസൈറ്റ് കല്ലുകൾ ഉപയോഗിച്ച് സിമന്റോ മോർട്ടാറോ ഇല്ലാതെ ഇന്റർലോക്കിങ് രീതിയിൽ ഇത് നിർമ്മിച്ചത്. ആറ് ചതുരതട്ടുകളും മൂന്ന് വൃത്താകൃതിയിലുള്ള തട്ടുകളുമായി ഒൻപത് നിലകളിലാണ് ഇത് പണിതിരിക്കുന്നത്. താഴെ നിന്ന് മുകളിലേക്ക് കയറുമ്പോൾ ആഗ്രഹങ്ങളുടെ ലോകമായ കാമധാതു, രൂപങ്ങളുടെ ലോകമായ രൂപധാതു, രൂപമില്ലാത്ത നിർവാണമായ അരൂപധാതു എന്നീ ബുദ്ധ ദർശനങ്ങളെ ഇത് അടയാളപ്പെടുത്തുന്നു. ഭിത്തികളിൽ കൊത്തിവെച്ചിട്ടുള്ള 2,672 അതിമനോഹരമായ റിലീഫ് പാനലുകളും തുളകളുള്ള സ്തൂപങ്ങൾക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന 504 ബുദ്ധ പ്രതിമകളും ഇവിടെ കാണാം.
6. ടിക്കാൽ, ഗ്വാട്ടിമാല
ഗ്വാട്ടിമാലയിലെ പെറ്റൻ റെയിൻ ഫോറസ്റ്റുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന അതിപുരാതന മായൻ നഗരമാണിത്. ബിസി ആറാം നൂറ്റാണ്ട് മുതൽ എഡി ഒൻപാം നൂറ്റാണ്ട് വരെ ശക്തമായ ഒരു സാമ്രാജ്യമായിരുന്ന ടിക്കാലിൽ അതിന്റെ സുവർണ്ണകാലത്ത് ഒരു ലക്ഷത്തിലധികം ആളുകൾ താമസിച്ചിരുന്നു. കാടിന്റെ പച്ചപ്പിനു മീതെ ഉയർന്നു നിൽക്കുന്ന 154 അടി ഉയരമുള്ള ടെമ്പിൾ വൺ അഥവാ ടെമ്പിൾ ഓഫ് ദ ഗ്രേറ്റ് ജാഗ്വാർ ആണ് ഇവിടുത്തെ പ്രധാന ചിഹ്നം. ശുദ്ധജല നദികൾ ഒന്നുമില്ലാത്ത കൊടുംകാട്ടിൽ ലക്ഷക്കണക്കിന് ജനങ്ങൾക്ക് വർഷം മുഴുവൻ വെള്ളം നൽകാൻ ചുണ്ണാമ്പുകല്ല് മിനുക്കി നിർമ്മിച്ച വമ്പൻ റിസർവോയറുകളും കനാലുകളും മായന്മാർ ഇവിടെ പണിതുവച്ചിരുന്നു. 1977ലെ ആദ്യ സ്റ്റാർ വാർ സിനിമയിൽ റിബൽ അലയൻസിന്റെ ഒളിത്താവളമായി ലോകം കണ്ടത് ടിക്കാലിലെ കാടിനു മുകളിൽ തലയുയർത്തി നിൽക്കുന്ന ഈ പുരാതന ക്ഷേത്രങ്ങളെ ആയിരുന്നു.
7. അബൂസിംബൽ, ഈജിപ്ത്
തെക്കൻ ഈജിപ്തിൽ സുഡാൻ അതിർത്തിക്കടുത്തുള്ള അബൂസിംബലിലെ ആ ഭീമാകാരമായ ഇരട്ട ക്ഷേത്രങ്ങൾക്ക് മുന്നിൽ ചെന്നു നിൽക്കുമ്പോൾ ആരും അത്ഭുതപ്പെട്ടുപോകും. ബിസി 1264ൽ ഫറവോ റാംസസ് രണ്ടാമനാണ് തനിക്കായി മഹാക്ഷേത്രവും തന്റെ പ്രിയപത്നി നെഫർത്താരിക്കായി ചെറിയ ക്ഷേത്രവും മലതുരന്നു നിർമ്മിച്ചത്. പ്രധാന ക്ഷേത്രത്തിന്റെ മുൻവശത്ത് റാംസസിന്റെ തന്നെ 66 അടി ഉയരമുള്ള നാല് ഭീമൻ ശിലാപ്രതിമകൾ കാണാം. ആയിരക്കണക്കിന് വർഷങ്ങളായി ഒക്ടോബർ 22നും ഫെബ്രുവരി 22നും ഉദയസൂര്യന്റെ കിരണങ്ങൾ ക്ഷേത്രത്തിന്റെ 200 അടി ഉള്ളിലേക്ക് കൃത്യമായി തുളച്ചുകയറി റാംസസിന്റെയും മറ്റു രണ്ട് സൗരദേവന്മാരുടെയും മുഖത്തെ പ്രകാശിപ്പിക്കും. 1960 കളിൽ അസ്വാൻ ഹൈ ഡാം പണിതപ്പോൾ രൂപപ്പെട്ട നാസർ തടാകത്തിൽ ഈ ക്ഷേത്രം മുങ്ങി പോകാതിരിക്കാൻ യുനെസ്കോയുടെ നേതൃത്വത്തിൽ 40 മില്യൺ ഡോളർ ചെലവഴിച്ച് ഈ മുഴുവൻ ക്ഷേത്രത്തെയും ബ്ലോക്കുകളായി മുറിച്ച് കൃത്രിമ മലയ ഉണ്ടാക്കി അവിടെ പുനസ്ഥാപിക്കുകയുണ്ടായി.
8. ടിയോത്തിഹുവാക്കൻ, മെക്സിക്കോ
മെക്സിക്കോ സിറ്റിയിൽ നിന്ന് 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അതിവിശാലമായ പുരാതന നഗരമാണ് ടിയോത്തിഹുവാക്കൻ. ബിസിനറിനും എഡി 650 നും ഇടയിൽ വളർന്നു പന്തലിച്ച ഈ നഗരത്തിൽ രണ്ടു ലക്ഷത്തോളം ജനങ്ങൾ തിങ്ങി പാർത്തിരുന്നു. അക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ നഗരമായിരുന്നു ഇത്. എന്നാൽ എഡി എട്ടാം നൂറ്റാണ്ടിൽ നഗരം തകർന്നു പോവുകയും ജനം അപ്രത്യക്ഷമാവുകയും ചെയ്തു. നൂറ്റാണ്ടുകൾക്ക് ശേഷം പതിനാലാം നൂറ്റാണ്ടിൽ ആസ്റ്റക് ജനത ഇവിടെ എത്തുമ്പോൾ കാടുമൂടികിടക്കുന്ന ഈ കൂറ്റൻ പിരമിഡുകൾ കണ്ട് അവർ ഭയഭക്തിയോടെ ഇതിനെ ദൈവങ്ങൾ പിറവിയെടുത്ത സ്ഥലം എന്ന് വിളിക്കുകയായിരുന്നു.
9. പെട്ര, ജോർദാൻ
ഈജിപ്തിലെ മണലാരണ്യത്തിന് സമാനമായി ജോർദാനിലെ മരുഭൂമിയിൽ ഒളിഞ്ഞുകിടക്കുന്ന മാന്ത്രിക നഗരമാണ് പെട്ര. ബിസി ഒന്നാം നൂറ്റാണ്ടിൽ നബാത്തിയൻ ജനതയാണ് റോസ് പിങ്ക് നിറത്തിലുള്ള കൂറ്റൻ മണൽകല്ലുകൾ മുകളിൽ നിന്ന് താഴേക്ക് തുരന്ന് ഈ നഗരം പണിതത്. മരുഭൂമിയിലെ കൊടുംവരൾച്ചയെ അതിജീവിക്കാൻ മലഞ്ചെരിവുകളിലെ മഴവെള്ളം സംഭരിക്കാൻ കളിമൺ പൈപ്പുകളും അക്വാഡക്റ്ുകളും ഭൂഗർഭ ജലസംഭരണികളും അടങ്ങിയ വാട്ടർ സിസ്റ്റം തന്നെ ഇവർ നിർമ്മിച്ചിരുന്നു. ഇതിലെ ഏറ്റവും പ്രശസ്തമായ നിർമ്മിതിയാണ് ‘ദി ട്രഷറി’ എന്നറിയപ്പെടുന്ന അൽകസ്നെ. സിക്ക് എന്നറിയപ്പെടുന്ന ഒരു കിലോമീറ്ററിലധികം നീളമുള്ള ഇരുണ്ട മലയിടുക്കിലൂടെ നടന്ന് പെട്ടെന്ന് മുന്നിൽ റോസ് നിറത്തിൽ തിളങ്ങുന്ന ഈ ട്രഷറി കാണുന്നത് ഒരു അത്ഭുതമാണ്.
10. അൽഹംറ, ഗ്രനാഡ, സ്പെയിൻ
യൂറോപ്പിൽ മുസ്ലിം ഭരണകാലത്തിന്റെ പ്രൗഡി വിളിച്ചോതുന്ന കോട്ടകൊട്ടാരമാണ് സ്പെയിനിലെ ഗ്രനാഡയിലുള്ള അൽഹംറ. പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നസ്രിദ് രാജവംശത്തിലെ മുഹമ്മദ് ഒന്നാമനാണ് ചുവന്ന മണ്ണും കല്ലും ഉപയോഗിച്ച് ഇതിന്റെ നിർമാണം തുടങ്ങുന്നത്. കുന്നിൻ മുകളിലെ ഈ കോട്ടസമുച്ചയത്തിനുള്ളിൽ രാജകൊട്ടാരങ്ങളും സ്വകാര്യ വസതികളും അവിശ്വസനീയമായ ജലധാരകളുള്ള ജനറൽ ലൈഫ് പൂന്തോട്ടങ്ങളും ഒരുക്കിയിരുന്നു. സിയറ നെവാട മലനിരകളിൽ നിന്നുള്ള വെള്ളം സ്വാഭാവിക ഗുരുത്വാകർഷണം വഴി താഴേക്ക് എത്തിച്ച് കറണ്ടോ മോട്ടോറോ ഇല്ലാതെ ഇന്നും പ്രവർത്തിക്കുന്ന ജലധാരകൾ അൽഹംരയുടെ മാത്രം പ്രത്യേകതയാണ്.
11. നാസ്ക ലൈൻസ്, പെറു
തെക്കൻ പെറുവിലെ വരണ്ട നാസ്ക മരുഭൂമിയിൽ ഏകദേശം 500 ചതുരസ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഭീമാകാരമായ വരകളാണ് നാസ്ക ലൈൻസ്. ബിസി 500 നും എഡി 500 നും ഇടയിൽ പ്രാചീന നാസ്ക ജനതയാണ് ഇവ നിർമ്മിച്ചത്. ഇരുമ്പ് ഓക്സൈഡ് കലർന്ന് ചുവപ്പുനിറമായ ഉപരിതലത്തിലെ കല്ലുകൾ വശങ്ങളിലേക്ക് നീക്കി അടിയിലുള്ള ഇളം മഞ്ഞനിറത്തിലുള്ള മണ്ണും ചുണ്ണാമ്പും പുറത്തു കാണിച്ചാണ് ഈ വരകൾ ഉണ്ടാക്കിയത്. 300 മീറ്ററിലധികം വലിപ്പമുള്ള നൂറുകണക്കിന് ജാമിതിയ രൂപങ്ങളും 70 ലധികം ജീവികളുടെ ചിത്രങ്ങളും ഇതിലുണ്ട്. മഴയോ കാറ്റോ ഒട്ടുമില്ലാത്ത ലോകത്തിലെ ഏറ്റവും വരണ്ട കാലാവസ്ഥ ആയതുകൊണ്ടാണ് 2,000 വർഷം കഴിഞ്ഞിട്ടും ഈ വരകൾ മായാതെ നിലനിൽക്കുന്നത്.
12. അക്രോപോളിസ്, ഏദൻസ്, ഗ്രീസ്
യൂറോപ്യൻ നാഗരികതയുടെയും ജനാധിപത്യത്തിന്റെയും തൊട്ടിലായ ഏദൻസ് നഗരത്തിന് 500 അടി മുകളിലായി തലയുയർത്തി നിൽക്കുന്ന പാറക്കെട്ടാണ് അക്രോപോളിസ്. ബിസി അഞ്ചാം നൂറ്റാണ്ടിൽ പെരിക്ലിസിന്റെ സുവർണകാലത്താണ് ഇതിിലെ ഏറ്റവും പ്രശസ്തമായ പാർത്തനൻ ക്ഷേത്രം നിർമ്മിക്കുന്നത്. മനുഷ്യന്റെ കണ്ണുകൾക്ക് വരുന്ന ഓപ്റ്റിക്കൽ ഇലയൂഷനെ ഒഴിവാക്കാൻ വിസ്മയകരമായ തന്ത്രങ്ങളാണ് ഇതിന്റെ വാസ്തുശില്പികൾ ഉപയോഗിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ തറയോ തൂണുകളോ ഒന്നും തന്നെ തികച്ചും സ്ട്രൈറ്റ് ആയിട്ടല്ല പണിതിരിക്കുന്നത്. തറയുടെ നടുഭാഗം അല്പം ഉയർന്നു നിൽക്കുന്നു, കൂടാതെ ബാഹ്യ തൂണുകൾ മുകളിലേക്ക് പോകുംതോറും അല്പം ഉള്ളിലേക്ക് ചരിഞ്ഞതുമാണ്.
13. ഹാഗിയ സോഫിയ, ഇസ്താബുൾ, തുർക്കി
റോമൻ-ബൈസന്റൈൻ സാമ്രാജ്യങ്ങളുടെ എക്കാലത്തെയും വലിയ വിസ്മയമാണ് ഇന്നത്തെ തുർക്കിയിലെ ഇസ്താബുളിലുള്ള ഹാഗിയ സോഫിയ. എഡി 532 നും 537 നും ഇടയിൽ വെറും അഞ്ചു വർഷവും 10 മാസവും കൊണ്ടാണ് ജസ്റ്റീനിയൻ ചക്രവർത്തി ഇത് പണിതുതീർത്തത്. 180 അടി ഉയരവും 102 അടി വ്യാസവുമുള്ള ഇതിൻറെ ഭീമൻ താഴികക്കുടം ചതുരാകൃതിയിലുള്ള അടിത്തറക്ക് മുകളിലാണ് ഉറപ്പിച്ചിരിക്കുന്നത്. താഴികക്കുടത്തിന്റെ അടിഭാഗത്തുള്ള 40 ജനലുകളിലൂടെ വെളിച്ചം ഉള്ളിലേക്ക് അടിക്കുമ്പോൾ ആ താഴികക്കുടം ആകാശത്ത് പൊന്തികിടക്കുകയാണെന്ന് തോന്നും.
14. സെന്റ് പീറ്റേഴ്സ് ബസിലിക്ക, വത്തിക്കാൻ
ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയാണ് റോമിനുള്ളിലെ വത്തിക്കാൻ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്ക. യേശുക്രിസ്തുവിന്റെ പ്രധാന ശിഷ്യനും റോമിലെ ആദ്യത്തെ ബിഷപ്പുമആയിരുന്ന സെന്റ് പീറ്ററിന്റെ കല്ലറക്ക് മുകളിലാണ് ഇത് പണിതിരിക്കുന്നത്. 1506ൽ തുടങ്ങി 1626ൽ, അതായത് 120 വർഷം കൊണ്ടാണ് ഇതിൻറെ പണി പൂർത്തിയായത്. മൈക്കലാഞ്ചലോ രൂപകൽപന ചെയ്ത ഇതിൻറെ താഴിക കുടത്തിന് നിലത്തുനിന്ന് കുരിശിന്റെ മുകളറ്റം വരെ 448 അടി ഉയരമുണ്ട്. ഒരേസമയം 60,000ത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ പള്ളിക്കുള്ളിലാണ് മൈക്കലാഞ്ചലോയുടെ വിശ്വപ്രസിദ്ധമായ ‘പിയാത്ത’ ശില്പമുള്ളത്.
15. നോയ്ഷ്വാൻസ്റ്റൈൻ കാസിൽ, ജർമനി
ജർമനിയിലെ തെക്കു പടിഞ്ഞാറൻ ബവേറിയയിൽ ആൽസ് മലനിരകളുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന സ്വപ്നതുല്യമായ കൊട്ടാരമാണിത്. 1869ൽ ബവേറിയയിലെ ലുഡ്വിഗ് രണ്ടാമൻ രാജാവാണ് ഇത് പണിയാൻ ഉത്തരവിട്ടത്. റിച്ചാർഡ് വാഗ്നറുടെ ഓപ്പറകളോടുള്ള കടുത്ത ആരാധന കാരണം ഒരു മധ്യകാല റൊമാന്റിക് കാസിൽ ആയിട്ടാണ് ഇത് നിർമ്മിച്ചത്. പുറമേ മധ്യകാല രൂപമാണെങ്കിലും സെൻട്രൽ ഹീറ്റിംഗ്, ഓട്ടോമാറ്റിക് ഫ്ലഷ് ടോയ്ലറ്റുകൾ, ടെലിഫോൺ ലൈനുകൾ എന്നിവയെല്ലാം അക്കാലത്ത് തന്നെ ഇതിനുള്ളിൽ ഉണ്ടായിരുന്നു. വോൾട്ട് ഡിസ്നിയുടെ സ്ലീപ്പിംഗ് ബ്യൂട്ടി കാസിൽ ഇതിന്റെ മാതൃകയിലാണ് ഡിസൈൻ ചെയ്തത്.
16. സ്റ്റോൺഹെഞ്ച്, ഇംഗ്ലണ്ട്
ലണ്ടനിൽ നിന്ന് 130 കിലോമീറ്റർ പടിഞ്ഞാറ് സാലിസ്ബെറി സമതലത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്രാതീത കാലത്തെ വലിയൊരു വിസ്മയമാണിത്. ഇന്നേക്ക് 5000 മുതൽ 4000 വർഷങ്ങൾക്ക് മുൻപുള്ള നിയോലിത്തിക് – വെങ്കല യുഗങ്ങളിലായി പല ഘട്ടങ്ങളായാണ് ഇത് നിർമ്മിച്ചത്. പുറത്തെ വലിയ കുത്തനയുള്ള കല്ലുകൾക്ക് ഓരോന്നിനും ശരാശരി 25 ടൺ വരെ ഭാരമുണ്ട്. എന്നാൽ ഉള്ളിലെ ചെറിയ ബ്ലൂ സ്റ്റോണുകൾ കൊണ്ടുവന്നതാകട്ടെ 225 കിലോമീറ്റർ അകലെയുള്ള വെയിൽസിൽ നിന്നാണ്. ചക്രങ്ങളോ കുതിരകളോ ഇല്ലാതിരുന്ന അക്കാലത്ത് ഇത്രയും ദൂരം കല്ലുകൾ എങ്ങനെ എത്തിച്ചു എന്നത് ഇന്നും ശാസ്ത്രം ചർച്ച ചെയ്യുന്ന കാര്യമാണ്. വേനൽകാലത്തെ ഏറ്റവും വലിയ ദിവസമായ സമ്മർ സോൾസ്റ്റീസിൽ ഉദിച്ചുയരുന്ന സൂര്യൻ കൃത്യമായി ഇതിന്റെ നടുവിലെ കല്ലുകളിലേക്ക് വെളിച്ചം വീഴ്ത്തുന്ന രീതിയിലാണ് ഇത് അലൈൻ ചെയ്തിരിക്കുന്നത്.
17. ഹിമേജി കാസിൽ, ജപ്പാൻ
ജപ്പാനിലെ ഹ്യോഗോ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സാമുറായ് കാലഘട്ടത്തിലെ ഏറ്റവും വലിയ കോട്ടയാണ് ഹിമേജികാസിൽ. വെളുത്ത പ്ലാസ്റ്റർ തേച്ച ഭിത്തികളും ചിറകുവിരിച്ച് പറന്നുയരുന്ന പക്ഷിയെ പോലെയുള്ള മേൽക്കൂരകളും ഉള്ളതുകൊണ്ട് ഇതിനെ ‘വൈറ്റ് ഹെറോൺ കാസിൽ’ എന്ന് വിളിക്കുന്നു. പുറമേ അതിസുന്ദരമാണെങ്കിലും ശത്രുക്കളെ കടക്കാൻ പറ്റാത്ത കൊടും കെണിയാണ് ഇതിന്റെ ഉൾഭാഗം. മൂന്ന് കിടങ്ങുകൾ, 2,500 ലധികം അമ്പയ്യൽ സുഷിരങ്ങൾ, ശത്രുക്കളെ കൺഫ്യൂഷൻ ആക്കി ഡെഡ് എൻഡുകളിൽ എത്തിക്കുന്ന സർപ്പിള വഴികൾ എന്നിവ ഇതിലുണ്ട്.
18. വെസ്റ്റ് മിൻസ്റ്റർ കൊട്ടാരം, ലണ്ടൻ, യുകെ
ബ്രിട്ടീഷ് പാർലമെന്റിന്റെ ഇരു സഭകൾ പ്രവർത്തിക്കുന്ന തെംസ് നദിക്കരയിലെ ചരിത്രപ്രസിദ്ധമായ കൊട്ടാരമാണിത്. പതിനൊന്നാം നൂറ്റാണ്ടിൽ പണിത യഥാർത്ഥ കൊട്ടാരം 1834 ഒക്ടോബറിലെ ഒരു തീപിടുത്തത്തിൽ കത്തി നശിച്ചുപോയി. തുടർന്ന് പെർപെൻഡിക്കുലർ ഗോതിക് ശൈലിയിൽ പുനർനിർമ്മിച്ചതാണ് ഇന്ന് കാണുന്ന കെട്ടിടം. ഇതിലെ ഏറ്റവും പ്രശസ്തമായ ചിഹ്നമാണ് 316 അടി ഉയരമുള്ള ക്ലോക്ക് ടവർ (എലിസബത്ത് ടവർ). ഈ ടവറിനുള്ളിൽ തൂക്കിയിരിക്കുന്ന വലിയ മണിക്കുള്ള വിളിപ്പേരാണ് ബിഗ് ബെൻ.
19. ട്രവി ഫൗണ്ടൻ, റോം, ഇറ്റലി
ഇറ്റലിയിലെ റോമിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ബറോക്ക് ജലധാരയാണിത്. 1762ൽ നിർമ്മാണം പൂർത്തിയായ ഈ ഫൗണ്ടൻ പൂർണമായും ട്രാവർടൈൻ മാർബിളിലാണ് തീർത്തിരിക്കുന്നത്. ബിസി 19ൽ റോമൻ സൈന്യത്തിന് ശുദ്ധജലം എത്തിക്കാനായി നിർമ്മിച്ച 2000 വർഷം പഴക്കമുള്ള ഭൂഗർഭ അക്വാഡക്റ്ിൽ നിന്നാണ് ഇന്നും ഇതിലേക്ക് ആവശ്യമായ വെള്ളം എത്തുന്നത്. വലതുകൈകൊണ്ട് ഇടതു തോളിലൂടെ ഒരു നാണയം ഫൗണ്ടനിലേക്ക് എറിഞ്ഞാൽ റോമിലേക്ക് തിരിച്ചെത്താമെന്നാണ് ജനങ്ങളുടെ വിശ്വാസം.
20. ഐറ്റ്ബെൻ ഹദ്ദു, മൊറോക്കോ
തെക്കൻ മൊറോക്കോയിലെ ഔൻല താഴ്വരയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതന മൺകോട്ട നഗരമാണിത്. പതിനൊന്നാം നൂറ്റാണ്ടിൽ ഉപ്പും സ്വർണവുമായി പോയിരുന്ന ഒട്ടക യാത്രാസംഘങ്ങളുടെ പ്രധാന താവളമായിരുന്നു ഇത്. കളിമണ്ണും വൈക്കോലും മാത്രം ഉപയോഗിച്ചുണ്ടാക്കിയ കൊത്തളങ്ങളും വീടുകളുമാണ് ഇതിന്റെ പ്രത്യേകത. ചുവന്ന മണ്ണിൽ തീർത്ത ഉയരമുള്ള വാച്ച് ടവറുകളും ശത്രുക്കളെ പ്രതിരോധിക്കാൻ ഉള്ളവയുമാണ്. ഗ്ലാഡിയേറ്റർ, ദ മമ്മി, ഗെയിം ഓഫ് ത്രോൺസ് തുടങ്ങിയ ലോകപ്രശസ്ത സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷൻ ഇവിടായിരുന്നു.
21. ഈഫൽ ടവർ, പാരീസ്, ഫ്രാൻസ്
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പണം നൽകി സന്ദർശിക്കുന്ന ചരിത്രസ്മാരകമാണ് പാരീസിലെ ഈഫൽ ടവർ. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന 1889 ലെ പാരീസ് വേൾഡ് ഫെയറിനായി എൻജിനീയറായ ഗുസ്താവ് ഈഫലിന്റെ കമ്പനിയാണ് ഇത് നിർമ്മിച്ചത്. 18,380 വാർത്തെടുത്ത ഇരുമ്പ് കഷണങ്ങളും 25 ലക്ഷം തെർമൽ റിവറ്റുകളും ഉപയോഗിച്ച് വെറും രണ്ടു വർഷവും രണ്ടു മാസവും കൊണ്ടാണ് ഇത് പണിതുതീർത്തത്. വേനൽക്കാലത്ത് കടുത്ത ചൂടേൽക്കുമ്പോൾ തെർമൽ എക്സ്പാൻഷൻ കാരണം ഇതിന്റെ ഉയരം 15 cm വരെ കൂടാനും സൂര്യന് എതിർദിശയിലേക്ക് വളയാനും സാധിക്കും.
22. സെവിയ കത്തീഡ്രൽ, സ്പെയിൻ
നമ്മുടെ യാത്ര അവസാനിക്കുന്നത് സ്പെയിനിലെ സെവിയയിലുള്ള കത്തീഡ്രലിലാണ്. ലോകത്തിലെ ഏറ്റവും വലിയ ഗോതിക് കത്തീഡ്രൽ ആണിത്. 1401ൽ പള്ളി കൗൺസിൽ ചേർന്നപ്പോൾ ഇത് പണിതുതീർത്ത് കാണുന്നവർ നമ്മൾക്ക് ഭ്രാന്താണെന്ന് ചിന്തിക്കുന്ന അത്രയും വലിപ്പത്തിൽ വേണം നമ്മൾ ഇത് പണിയാൻ എന്ന് തീരുമാനിക്കുകയായിരുന്നു. 1506ൽ നിർമ്മാണം പൂർത്തിയായ ഈ കത്തീഡ്രൽ 124 മീറ്റർ നീളവും 73 മീറ്റർ വീതിയും ഉള്ളതാണ്. ഇതിനുള്ളിലെ അൾത്താരയിൽ 45 റിലീഫ് പാനലിലായി രണ്ട് ടണ്ണിൽ അധികം ശുദ്ധമായ സ്വർണം പൊതിഞ്ഞിട്ടുണ്ട്. കൂടാതെ ലോകസഞ്ചാരിയായ ക്രിസ്റ്റഫർ കൊളംബസിന്റെ യഥാർത്ഥ ശവകുടീരവും ഈ കത്തീഡ്രലിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.