For hundreds of years, the scientific world has been searching for the legendary vessel known as Noah’s Ark, with accounts of a great deluge and a massive survival ship found not only in the biblical Book of Genesis and the Holy Quran, but also on ancient Sumerian and Babylonian clay tablets dating back thousands of years. Because the same event has been repeatedly described across numerous ancient cultures, various geologists, archaeologists, and engineers have tracked down these locations. However, recent studies and explorations conducted in the boat-shaped mountain ranges of Durupınar in eastern Turkey have yielded fascinating and astonishing new findings.
നൂറുകണക്കിന് വർഷങ്ങളായി ശാസ്ത്രലോകം അന്വേഷിക്കുന്ന ഒന്നാണ് നോഹയുടെ അഥവാ നൂഹ് നബിയുടെ കപ്പൽ. ബൈബിളിലെ ഉല്പത്തി പുസ്തകം മുതൽ വിശുദ്ധ ഖുർആനിലും, ആയിരക്കണക്കിന് കൊല്ലങ്ങൾക്കു മുൻപുള്ള പ്രാചീന സുമേറിയൻ – ബാബിലോണിയൻ കളിമൺ ഫലകങ്ങളിലും വരെ ഈ പ്രളയത്തെക്കുറിച്ചും അതിജീവനത്തിന്റെ ആ വലിയ കപ്പലിനെക്കുറിച്ചും വളരെ വ്യക്തമായി പറയുന്നുണ്ട്. ഇത്രയധികം സംസ്കാരങ്ങളിൽ ഒരേ കാര്യം ആവർത്തിച്ചു വന്നതുകൊണ്ടുതന്നെ പല ജിയോളജിസ്റ്റുകളും പുരാവസ്തു ഗവേഷകരും എൻജിനീയർമാരും ഇതിന്റെ പിന്നാലെ സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ കിഴക്കൻ തുർക്കിയിലെ ദുറൂപ്പിനാർ എന്ന കപ്പൽ ആകൃതിയിലുള്ള മലനിരകളിൽ നടന്ന പഠനങ്ങളും പര്യവേക്ഷണങ്ങളും ഏറെ ഞെട്ടിക്കുന്നതായിരുന്നു.
അരാരത് പർവ്വതനിരകളും ദുറൂപ്പിനാറും
നൂറ്റാണ്ടുകളായി നോഹയുടെ കപ്പൽ തിരയുന്ന പര്യവേക്ഷകരും ചരിത്രാന്വേഷികളും പ്രധാനമായും നോക്കിയിരുന്നത് കിഴക്കൻ തുർക്കിയിലെ അരാരത് പർവ്വത നിരകളിലാണ്. സമുദ്രനിരപ്പിൽ നിന്ന് 5,137 മീറ്റർ ഉയരത്തിൽ മഞ്ഞുമൂടിയ ഒരു വലിയ നിഷ്ക്രിയ അഗ്നിപർവ്വതമാണിത്. പഴയ ഗ്രന്ഥങ്ങളിൽ പറയുന്നത് പ്രളയജലം ഇറങ്ങിയപ്പോൾ നോഹയുടെ കപ്പൽ വന്നുറച്ചുനിന്നത് അരാരത് പർവ്വതങ്ങളിലാണ് എന്നാണ്. പക്ഷേ അതൊരു പ്രത്യേക കൊടുമുടിയുടെ പേരല്ല, മറിച്ച് പുരാതനകാലത്ത് ‘യൂറാർട്ടു’ എന്ന് വിളിച്ചിരുന്ന വലിയൊരു പർവ്വത മേഖലയെയാണ് ഇത് സൂചിപ്പിക്കുന്നത്.
അങ്ങനെ 1959-ലാണ് തികച്ചും അവിചാരിതമായ മറ്റൊരു കണ്ടെത്തൽ ഉണ്ടാകുന്നത്. തുർക്കി വ്യോമസേനക്ക് വേണ്ടി നാറ്റോ നടത്തിയ വ്യോമ മാപ്പിംഗ് ദൗത്യങ്ങളുടെ ഭാഗമായി എടുത്ത ഏരിയൽ ഫോട്ടോഗ്രാഫുകൾ പരിശോധിക്കുകയായിരുന്നു ടർക്കിഷ് ആർമി ക്യാപ്റ്റനായ ഇൽഹാൻ ദുറൂപ്പിനാർ. ആയിരക്കണക്കിന് ചിത്രങ്ങൾക്കിടയിൽ പെട്ടെന്ന് അദ്ദേഹത്തിന്റെ കണ്ണിൽ വിചിത്രമായ ഒരു രൂപം ഉടക്കി. മുകളിൽ നിന്ന് നോക്കുമ്പോൾ കൃത്യം ഒരു ഭീമൻ കപ്പലിന്റെ ആകൃതിയിൽ ചെളിയും പാറകളും കൊണ്ട് രൂപപ്പെട്ട ഒരു മലനിര! ഈ കണ്ടെത്തലോടെ ഈ പ്രദേശം അദ്ദേഹത്തിന്റെ പേരിൽ ‘ദുറൂപ്പിനാർ ഫോർമേഷൻ’ എന്ന് വിളിക്കപ്പെട്ടു.
പ്രദേശവാസികൾ പറയുന്നതനുസരിച്ച്, 1948 മെയ് മാസത്തിൽ ഉണ്ടായ അതിശക്തമായ മഴയിലും വലിയൊരു ഭൂകമ്പത്തിലുമാണ് ചുറ്റുമുള്ള ചെളി ഒലിച്ചുപോയി ഈ ബോട്ട് രൂപം വെളിയിൽ വന്നത്. അരാരത് കൊടുമുടിയിൽ നിന്ന് തെക്ക് മാറി ഏകദേശം 29 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 2,000 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ നീളം അളന്നു നോക്കിയപ്പോൾ കിട്ടിയത് ഏകദേശം 164 മീറ്റർ ആണ്. ഒരു പടുകൂറ്റൻ കപ്പലിന്റെ വലിപ്പമുള്ള രൂപം കണ്ടതോടെ ഇതാണ് പഴയ ഗ്രന്ഥങ്ങൾ പറയുന്ന സാക്ഷാൽ നോഹയുടെ കപ്പൽ എന്ന് പലരും വിശ്വസിച്ചു.
എങ്കിലും അന്ന് ഉപരിതലത്തിൽ നിന്ന് മണ്ണും സാധാരണ പാറകളും അല്ലാതെ മനുഷ്യനുണ്ടാക്കിയ ഒരു കപ്പലിന്റെയോ മരപ്പണികളുടെയോ യാതൊരു പുരാവസ്തു തെളിവുകളും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഭൗമശാസ്ത്രജ്ഞർ നടത്തിയ സർവേകളിൽ മണ്ണൊലിപ്പും ഭൂമിക്കടിയിലെ പാറകളുടെ മടക്കുകളും കാരണം പ്രകൃതിയിൽ തനിയെ ഇത്തരം ബോട്ട് രൂപങ്ങൾ ഉണ്ടാകാമെന്നും തെളിഞ്ഞു. എങ്കിലും സാധാരണ ജനങ്ങളുടെയും സ്വതന്ത്ര ഗവേഷകരുടെയും കൗതുകം ഒട്ടും കെട്ടടങ്ങിയില്ല; ആധുനിക സബ് സർഫേസ് സ്കാനിങ് സാങ്കേതിക വിദ്യകൾ വന്നതോടെ ഈ ചർച്ചകൾ കൂടുതൽ ശക്തിയോടെ തിരിച്ചുവരികയാണുണ്ടായത്.
മതഗ്രന്ഥങ്ങളിലെയും പ്രാചീന ഇതിഹാസങ്ങളിലെയും പ്രളയം
ബൈബിളിലെ പഴയ നിയമത്തിലെ ഉൽപത്തി പുസ്തകം അനുസരിച്ച്, ഭൂമിയിൽ മനുഷ്യരുടെ അധർമ്മവും അക്രമവും പെരുകിയപ്പോൾ ഭൂമുഖത്തെ ശുദ്ധീകരിക്കാൻ ദൈവം ഒരു മഹാപ്രളയം കൊണ്ടുവരാൻ തീരുമാനിച്ചു. നീതിമാനായ നോഹയോട് ദൈവനിർദ്ദേശപ്രകാരം ഗോഫർ മരം കൊണ്ട് ഒരു കൂറ്റൻ കപ്പൽ പണിയാൻ ആവശ്യപ്പെട്ടു. 300 മുഴം നീളവും 50 മുഴം വീതിയും 30 മുഴം ഉയരവുമുള്ള ഈ കപ്പൽ മൂന്ന് തട്ടുകളായാണ് നിർമ്മിച്ചത്. തുടർന്ന് തുടർച്ചയായി 40 രാവും 40 പകലും നിർത്താതെ മഴ പെയ്യുകയും വെള്ളം 150 ദിവസത്തോളം ഭൂമിയെ വിഴുങ്ങിനിൽക്കുകയും ചെയ്തു.
ഇസ്ലാമിലെ വിശുദ്ധ ഖുർആനിലും നൂഹ് നബിയുടെയും കപ്പലിന്റെയും ചരിത്രം വളരെ പ്രാധാന്യത്തോടെ സൂറത്ത് ഹൂദിൽ വിവരിക്കുന്നുണ്ട്. എന്നാൽ ബൈബിളിൽ പറയുന്നതിൽ നിന്ന് വ്യത്യാസമായി, ഖുർആൻ വ്യക്തമാക്കുന്നത് കപ്പൽ വന്ന് ഉറച്ചുനിന്നത് ‘ജൂതി’ മലനിരകളിൽ ആണ് എന്നാണ്. ഇസ്ലാമിക പാരമ്പര്യവും ചരിത്രകാരന്മാരും ഇത് തെക്കുകിഴക്കൻ തുർക്കിയിലെ സിസ്രക്കി അടുത്തുള്ള ജൂതി പർവ്വതമാണെന്ന് വിശ്വസിക്കുന്നു.
എന്നാൽ പ്രളയത്തിന്റെ ഈ വിവരണം അബ്രഹാമിക് മതഗ്രന്ഥങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ബിസി 2000-ൽ സുമേറിയൻ കാലഘട്ടത്തിൽ രചിക്കപ്പെട്ട ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ സൃഷ്ടികളിൽ ഒന്നായ ‘ഗിൽഗാമേഷ് ഇതിഹാസത്തിലും’ ഇതിന് സമാനമായ വിനാശകരമായ മഹാപ്രളയങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്നാബിഷ്ടിം എന്ന കഥാപാത്രം പണിത വലിയ കപ്പൽ ചെന്നുനിൽക്കുന്നത് ‘നിസിർ’ പർവ്വതത്തിലാണ്. ബിസി പതിനേഴാം നൂറ്റാണ്ടിലെ ‘അത്രാസിസ് ഇതിഹാസത്തിലും’ സമാനമായ പ്രളയങ്ങൾ വിവരിക്കുന്നുണ്ട്. പുരാതന മെസോപൊട്ടേമിയയിലെ ടൈഗ്രീസ് – യൂഫ്രട്ടീസ് നദീതടങ്ങളിൽ അക്കാലത്ത് അതിഭീകരമായ നദീജല പ്രളയങ്ങൾ പതിവായിരുന്നുവെന്നും, അന്നത്തെ ജനങ്ങളുടെ അറിയപ്പെടുന്ന ലോകം ആ നദീതടങ്ങൾ മാത്രമായിരുന്നുവെന്നുമാണ് ആധുനിക ചരിത്രകാരന്മാർ ഇതിനെ വിലയിരുത്തുന്നത്.
തുടർന്നുള്ള പര്യവേക്ഷണങ്ങളും ശാസ്ത്രീയ പരിശോധനകളും
ദുറൂപ്പിനാറിലെ കപ്പൽ രൂപത്തിനു പുറമേ അരാരത് കൊടുമുടിയുടെ ഭീമമായ മഞ്ഞുമലകളിലേക്ക് ഇരുപതാം നൂറ്റാണ്ടിൽ നിരവധി പര്യവേക്ഷണ സംഘങ്ങൾ യാത്ര തിരിച്ചു. 1955-ൽ ഫ്രഞ്ച് പർവ്വതാരോഹകനായ ഫെർണാൻഡ് നവാറ മഞ്ഞുപാളികൾ തുരന്ന് മനുഷ്യൻ കൈകൊണ്ട് ചെത്തിയെടുത്ത രൂപത്തിലുള്ള പഴയ മരക്കഷണങ്ങൾ കണ്ടെത്തിയതായി അവകാശപ്പെട്ടെങ്കിലും, റേഡിയോ കാർബൺ ഡേറ്റിംഗ് പരിശോധനയിൽ ഈ തടികൾക്ക് എഡി ഏഴാം നൂറ്റാണ്ടിന്റെ പഴക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് തെളിഞ്ഞു.
1977-ൽ അമേരിക്കൻ അനസ്തെറ്റിസ്റ്റും ഗവേഷകനുമായ റോൺ വ്യാറ്റ് ഈ സ്ഥലം സന്ദർശിച്ചതോടെ ദുറുപ്പിനാർ വീണ്ടും വലിയ ചർച്ചയായി. മെറ്റൽ ഡിറ്റക്ടറുകൾ വെച്ചു നോക്കിയപ്പോൾ ക്രമമായ അകലങ്ങളിൽ ഇരുമ്പുപാളികളുടെയും ഭിത്തികളുടെയും സാന്നിധ്യം കണ്ടെത്തിയെന്നും കപ്പലിന്റെ നങ്കൂരകല്ലുകൾ കണ്ടെത്തിയെന്നും ഇവർ പ്രചരിപ്പിച്ചു. എന്നാൽ 1996-ൽ അമേരിക്കൻ ജിയോളജിസ്റ്റായ ലോറൻസ് കോളിൻസും ഡേവിഡ് ഫാസോൾഡും ചേർന്ന് പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ ഇത് ഒരു സ്വാഭാവിക പാറഘടന മാത്രമാണെന്ന് തെളിഞ്ഞു. ഭൂമിശാസ്ത്രപരമായി ഇതൊരു ‘ഡബിൾ പ്ലഞ്ചിങ് സിങ്ക് ലൈൻ’ ആണെന്നും, ടെക്ടോണിക് ചലനങ്ങൾ കാരണം മുകളിലേക്ക് തള്ളിവന്ന മണ്ണും പാറപ്പാളികളും ഇരുവശങ്ങളിൽ നിന്നും മടങ്ങി ഒലിച്ചുപോയപ്പോൾ സ്വാഭാവികമായി ബോട്ടിന്റെ ആകൃതി കൈവരിച്ചതാണെന്നും അവർ വിശദീകരിച്ചു.
ആധുനിക ശാസ്ത്രീയ സർവേകളും ഡ്രില്ലിംഗും
ഈ തർക്കങ്ങൾക്ക് ശാസ്ത്രീയമായ അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെ തുർക്കിയിലെ ശിവസ് കുംഹൂരിയത്ത് യൂനിവേഴ്സിറ്റിയിലെ പ്രമുഖ പുരാവസ്തു ഗവേഷകനായ പ്രൊഫസർ സെൻകർ അതിലയുടെ നേതൃത്വത്തിൽ ‘നോവാസ് ആർക് സ്കാൻസ്’ എന്ന സ്വകാര്യ ഗവേഷണ സംഘടനയും സർക്കാരിന്റെ പ്രത്യേക അനുമതിയോടെ വലിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചു. അമേരിക്കയും തുർക്കിയും ഉൾപ്പെടെ അഞ്ച് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 20-ഓളം മുതിർന്ന ശാസ്ത്രജ്ഞരും വിദ്യാർത്ഥികളും അടങ്ങുന്ന സംഘം ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാറുകളും (GPR), റെസിസ്റ്റിവിറ്റി സ്കാനുകളും, ആഴത്തിലുള്ള കോർ ഡ്രില്ലിംഗ് മെഷീനുകളും ഉപയോഗിച്ച് പഠനം നടത്തി.
റഡാർ സ്കാനുകളിൽ ഭൂമിക്കടിയിൽ ക്രമമായ നേർരേഖയിലുള്ള ഘടനകളും പരസ്പരം 90 ഡിഗ്രി കോണുകളിൽ സന്ധിക്കുന്ന ഭിത്തികൾ പോലുള്ള പാളികളും കാണുന്നതായി സംഘം അവകാശപ്പെട്ടു. തുടർന്ന് ഭൂമിക്കടിയിൽ നിന്ന് നേരിട്ട് സാമ്പിളുകൾ എടുക്കാൻ തീരുമാനിക്കുകയും, ദുറുപ്പിനാർ ബോട്ട് രൂപത്തിന്റെ ഉള്ളിൽ നിന്നും പുറത്തുനിന്നുമായി ആകെ 16 വ്യത്യസ്ത സ്ഥലങ്ങളിൽ 18 മുതൽ 20 മീറ്റർ വരെ ആഴത്തിൽ കുഴിയെടുക്കുകയും ചെയ്തു. ഇതിനിടയിൽ ഒരു പ്രത്യേക കുഴിയിൽ നാലു മുതൽ അഞ്ചു മീറ്റർ താഴ്ചയിൽ എത്തിയപ്പോൾ ഡ്രില്ലിംഗ് മെഷീന്റെ ഉറപ്പേറിയ തലപ്പ് ഒടിഞ്ഞുപോയി. ഇത് കപ്പലിന്റെ കല്ലായി മാറിയ കട്ടിയുള്ള തടിയാകാം എന്ന് റിസർച്ച് ടീം സംശയം പ്രകടിപ്പിച്ചു. എന്നാൽ അക്കാലത്ത് സ്വാഭാവികമായി കാണപ്പെടുന്ന അതികട്ടിയുള്ള സാധാരണ പാറകളിൽ തട്ടിയാകാം ഡ്രിൽ ഒടിഞ്ഞത് എന്ന് വിമർശകരും ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ, ദുറുപ്പിനാർ ഫോർമേഷന് സമീപമുള്ള റോഡ് പണികൾക്കിടയിൽ അഗ്രി ഇബ്രാഹിം സെസൻ യൂനിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബിസി 5500 മുതൽ 3000 വരെയുള്ള ചെമ്പ് ശിലായുഗ കാലഘട്ടത്തിലെ (Chalcolithic Period) പഴയ മൺപാത്രങ്ങളുടെ കഷണങ്ങൾ കണ്ടെത്തി. അതായത് ഏകദേശം 5,000 മുതൽ 7,000 വർഷം വരെ പഴക്കമുള്ള മൺപാത്രങ്ങളാണിവ. പുരാതനകാലത്ത്, അതായത് വേദഗ്രന്ഥങ്ങൾ പറയുന്ന കാലഘട്ടത്തിൽ തന്നെ ഈ മലനിരകളിൽ മനുഷ്യർ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവാണിത്. എങ്കിലും, ഈ മൺപാത്രങ്ങൾ കപ്പലിന്റെ ഉള്ളിൽ നിന്നല്ല, മറിച്ച് അതിനു പുറത്തുള്ള സാധാരണ മണ്ണിൽ നിന്നാണ് ലഭിച്ചത്. അതിനാൽ 5000 വർഷം മുൻപ് മനുഷ്യർ അവിടെ ജീവിച്ചിരുന്നു എന്നത് അവർ നോഹയുടെ കപ്പലിൽ സഞ്ചരിച്ചവരാണെന്നതിനോ ആ മല ഒരു കപ്പൽ ആണെന്നതിനോ ഉള്ള തെളിവല്ല; അത് വെറുമൊരു പുരാതന ഗ്രാമമോ കച്ചവട പാതയോ മാത്രമാകാം.
ഉപസംഹാരം
കാഴ്ചയിലെ സാമ്യം കൊണ്ടോ ഭൂമിക്കടിയിലെ റഡാർ വരകൾ കൊണ്ടോ പുറത്തുനിന്ന് കിട്ടിയ മൺപാത്രങ്ങൾ കൊണ്ടോ മാത്രം ദുറൂപ്പിനാറിനെ നോഹയുടെ കപ്പലായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നാണ് മെയിൻസ്ട്രീം ഭൗമശാസ്ത്രജ്ഞർ ഇപ്പോഴും പറയുന്നത്. ഭൂമിക്കടിയിലെ കുഴികളിൽ നിന്ന് എടുത്ത സാമ്പിളുകൾ സ്വതന്ത്ര ലാബുകളിൽ പരിശോധിച്ച് പ്രമുഖ ശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കുമ്പോൾ മാത്രമേ ഇതിന്റെ യഥാർത്ഥ വസ്തുത പുറത്തുവരൂ. നൂറ്റാടുകളായി മനുഷ്യൻ തുടരുന്ന ഈ അന്വേഷണവും അതുമായി ബന്ധപ്പെട്ട ആധുനിക പഠനങ്ങളും ആ പ്രദേശത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ചും പഴയ മനുഷ്യവാസത്തെക്കുറിച്ചും വലിയ വിവരങ്ങൾ നൽകുന്നുണ്ടെങ്കിലും, ഇതൊരു മനുഷ്യനിർമ്മിത കപ്പലാണെന്ന് തെളിയിക്കുന്ന ശാസ്ത്രലോകം അംഗീകരിച്ച കൃത്യമായ ഒരു തെളിവ് ഇതുവരെ പൂർണ്ണമായി പുറത്തുവന്നിട്ടില്ല.