Sruthi, whose life touched

Sruthi, whose life touched the hearts of many after she lost her entire family in the devastating Wayanad landslide and subsequently lost her fiancé Jenson in a tragic road accident, has found a new chapter of hope. She recently tied the knot with Sandeep Shankar, a revenue department employee at the Wayanad Collectorate, in a traditional ceremony held at the Guruvayur Temple. Sandeep, a native of Mananthavady, stood by her and embraced her past with complete understanding as they embark on this new journey together.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട് ജീവിതത്തിന്റെ പ്രതിസന്ധികളെ അതിജീവിച്ച ശ്രുതി വിവാഹിതയായി. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വയനാട് കളക്ടറേറ്റിലെ റെവന്യൂ വകുപ്പ് ജീവനക്കാരനായ സന്ദീപ് ശങ്കരനാണ് ശ്രുതിയുടെ കൈപിടിച്ചത്.

വയനാട് ദുരന്തത്തിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരടക്കം കുടുംബത്തിലെ ഒൻപത് പേരെയാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്. തുടർന്ന് ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെൻസൺ ആയിരുന്നു അവളുടെ എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടായിരുന്നത്. എന്നാൽ 2024 സെപ്റ്റംബറിലുണ്ടായ വാഹനാപകടത്തിൽ ജെൻസണും മരണപ്പെടുകയായിരുന്നു. ഈ വലിയ ആഘാതങ്ങളിൽ നിന്നെല്ലാം കരകയറാൻ ശ്രമിക്കുന്നതിനിടയിലാണ് സർക്കാർ ശ്രുതിക്ക് റെവന്യൂ വകുപ്പിൽ ക്ലർക്കായി ജോലി നൽകിയത്.

വയനാട് കളക്ടറേറ്റിൽ ജോലി ചെയ്യുന്നതിനിടയിലാണ് സന്ദീപുമായുള്ള പരിചയവും പിന്നീട് അത് വിവാഹാലോചനയിലേക്ക് എത്തിയതും. മാനന്തവാടി പെരുവക സ്വദേശിയായ സന്ദീപ് തികച്ചും സാധാരണക്കാരനായ കുടുംബത്തിൽ നിന്നുള്ളയാളാണ്. ശ്രുതിയുടെ ജീവിതത്തിലെ ദുഃഖങ്ങളും കഴിഞ്ഞകാല അനുഭവങ്ങളും പൂർണ്ണമായി മനസ്സിലാക്കിക്കൊണ്ടാണ് സന്ദീപ് അവളെ വിവാഹം കഴിക്കാൻ മുന്നോട്ട് വന്നത്. വിവാഹച്ചടങ്ങിൽ മന്ത്രി കെ രാജനടക്കം നിരവധി പ്രമുഖരും ബന്ധുക്കളും പങ്കെടുത്ത് ആശംസകൾ നേർന്നു.