Popular South Indian actress Anju Kurian, who began her career as a model before making her mark in Malayalam and Tamil cinema, has officially tied the knot with Roshan in a church ceremony. After their engagement two years ago, the actress shared her joy on social media, expressing how grateful she is to marry the person she always prayed for and describing the wedding as the beautiful beginning of a shared lifetime of joy, laughter, and mutual support.
തമിഴ്, മലയാളം സിനിമകളിൽ സജീവമായ പ്രമുഖ നടിയാണ് അഞ്ജു കുരിയൻ. മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച താരം പിന്നീട് ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി. ഇപ്പോഴിതാ തന്റെ പുതിയ ജീവിതത്തിലേക്ക് കടന്ന വിവരം സന്തോഷത്തോടെ താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. റോഷനാണ് അഞ്ജു കുരിയനെ വിവാഹം കഴിച്ചിരിക്കുന്നത്.
തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസമായാണ് താരം ഇതിനെ വിശേഷിപ്പിച്ചത്. താൻ ഏറെ ആഗ്രഹിച്ചും പ്രാർത്ഥിച്ചും കാത്തിരുന്നയാളെ തന്നെ വിവാഹം കഴിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അഞ്ജു. ഇത് വെറുമൊരു വിവാഹം മാത്രമല്ലെന്നും, രണ്ട് ഹൃദയങ്ങൾ ദൈവസാന്നിധ്യത്തിൽ എടുത്ത പ്രതിജ്ഞയാണെന്നും താരം പറയുന്നു. ജീവിതകാലം മുഴുവൻ നീളുന്ന ചെറിയ ചെറിയ നിമിഷങ്ങളും, ഒടുങ്ങാത്ത ചിരികളും, പരസ്പരം താങ്ങായി നിന്നുള്ള യാത്രയുമാണ് ഇനി താൻ സ്വപ്നം കാണുന്നതെന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചു.
പള്ളിയിൽ വെച്ചുള്ള വിവാഹ ചടങ്ങിന്റെ മനോഹരമായ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്. കൃത്യം രണ്ട് വർഷം മുൻപായിരുന്നു കോട്ടയം സ്വദേശിനിയായ അഞ്ജുവിന്റെയും റോഷന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ദമ്പതികൾക്ക് ആശംസകൾ നേർന്നുകൊണ്ട് നിരവധി സിനിമാതാരങ്ങളും ആരാധകരുമാണ് ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.