When purchasing gold ornaments from a jewelry showroom, buyers often fall victim to clever psychological and commercial tactics—such as warm lighting, welcoming beverages, and percentage-based making charges that inflate costs as gold prices rise. Hidden weight deductions from stones, enamel, and wax, along with misleading discount claims and complex exchange or chit fund schemes, can cause consumers to lose a significant portion of their hard-earned money. To protect your investment, it is essential to verify 6-digit HUID codes using the official BIS Care app, negotiate final cash totals rather than percentage discounts, calculate net gold weight without non-gold elements, and consider pure gold coins or ETFs for pure savings instead of heavily crafted jewelry.
കഴിഞ്ഞ മാസം നമ്മുടെ നാട്ടിലെ രാജേട്ടൻ തന്റെ മകളുടെ കല്യാണത്തിനു വേണ്ടി കഷ്ടപ്പെട്ട് സ്വരൂപിച്ച് അഞ്ച ലക്ഷം രൂപയുമായി നഗരത്തിലെ ഏറ്റവും വലിയ ഒരു ജ്വല്ലറിയിലേക്ക് കയറി. കാഴ്ചയിൽ നമ്മുടെ കണ്ണ് മഞ്ഞളിപ്പിക്കുന്ന നല്ല വീതിയുള്ള നാലു പവന്റെ ഒരു മുല്ലമുട്ടുമാല അദ്ദേഹം വാങ്ങി ബില്ലും കൊടുത്ത് അവിടുന്ന് ലഭിച്ച മധുരവും കഴിച്ച് വലിയ സന്തോഷത്തോടെയാണ് രാജേട്ടൻ അന്ന് വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ കല്യാണം കഴിഞ്ഞ് വെറും മൂന്നു മാസം പിന്നിട്ടപ്പോൾ വീട്ടിൽ ഒരു അത്യാവശ്യം വന്നു. സാമ്പത്തിക വിഷയമാണ് കയ്യിൽ നാലു പവൻ സ്വർണം ഉണ്ടല്ലോ ബാങ്കിൽ വെച്ചാൽ നാലു ലക്ഷത്തിനടുത്ത ലോൺ കിട്ടുമല്ലോ എന്ന ആത്മവിശ്വാസത്തോടെ രാജേട്ടൻ ആ മാലയുമായി ബാങ്കിലേക്ക് ചെന്നു. പക്ഷേ മാല തുലാസിൽ വെച്ചു നോക്കിയ ബാങ്കിലെ അപ്രൈസർ പറഞ്ഞ മറുപടി കേട്ട് രാജേട്ടന്റെ തല കറങ്ങിപ്പോയി. ബില്ലിൽ 32 ഗ്രാം അഥവാ നാല് പവൻ എന്നൊക്കെ എഴുതിയിട്ടുണ്ട് പക്ഷേ ഇതിനുള്ളിലെ കല്ലും ഇനാമലും ബലത്തിനു വേണ്ടി നിറച്ചിരിക്കുന്ന അരക്കും ഒക്കെ കഴിച്ച് ഇതിൽ കഷ്ടിച്ച് മൂന്നേകാൽ പവനെ ഒറിജിനൽ സ്വർണം കാണുകയുള്ളൂ. നിങ്ങൾ കൊടുത്ത പണിക്കൂലിയും ജിഎസ്ടിയും കല്ലിന്റെ വിലയും ഒന്നും ബാങ്കിന് ഒരു വിഷയമല്ലല്ലോ!
അഞ്ച് ലക്ഷം രൂപ കയ്യിൽ നിന്ന് എണ്ണിക്കൊടുത്തു വാങ്ങിയ സ്വർണ്ണത്തിന് വെറും 90 ദിവസം കഴിഞ്ഞ ഒരു അത്യാവശ്യം വന്നപ്പോൾ ഒരു ലക്ഷത്തിലധികം രൂപയുടെ മൂല്യം എവിടെ വെച്ചാണ് ആവിയായി പോയത്? വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ വിൽക്കുന്ന ആകെ സ്വർണാഭരണങ്ങളുടെ 40 ശതമാനവും വാങ്ങികൂട്ടുന്നത് ദക്ഷിണേന്ത്യക്കാരാണ്. അതിൽ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്നവരാണ് നമ്മൾ പ്രബുദ്ധ മലയാളികൾ. ഒരു ശരാശരി മലയാളി കുടുംബത്തിന്റെ ആയുസ്സിന്റെ സമ്പാദ്യമാണ് സ്വർണം. എന്നാൽ നമ്മൾ സുരക്ഷിത നിക്ഷേപം എന്ന് കരുതി വാങ്ങുന്ന ആഭരണങ്ങൾക്ക് പിന്നിൽ നമ്മൾ അറിയാതെ പോകുന്ന ചില മനശാസ്ത്ര തന്ത്രങ്ങളും കോടികളുടെ കണക്കുകളും ഒക്കെയുണ്ട്.
ജ്വല്ലറികളിലെ സെൻസറി മാർക്കറ്റിംഗ് തന്ത്രങ്ങൾ
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു സൂപ്പർ മാർക്കറ്റിലോ തുണിക്കടയിലോ കയറുന്നത് പോലെയല്ല നമ്മൾ ഒരു വലിയ ജ്വല്ലറി ഷോറൂമിലേക്ക് കയറുന്നത്. വാതിൽ തുറന്നു കിട്ടുന്ന നിമിഷം മുതൽ നമ്മുടെ പഞ്ചേന്ദ്രിയങ്ങളെയും സ്വാധീനിക്കുന്ന ഒരു സെൻസറി മാർക്കറ്റിംഗ് അവിടെ പ്രവർത്തിച്ചു തുടങ്ങും. ഒരു ജ്വല്ലറിയിലും സാധാരണ ട്യൂബ് ലൈറ്റിന്റെ തണുത്ത വെളിച്ചം നിങ്ങൾ കാണില്ല. പകരം 3000 കെൽവിൻ വാം യെല്ലോ സ്പോട്ട് ലൈറ്റുകളാണ് കൗണ്ടറുകൾക്ക് മുകളിൽ ക്രമീകരിച്ചിരിക്കുന്നത്. ഈ മഞ്ഞവെളിച്ചം സ്വർണ്ണത്തിന്റെ മുകളിൽ പതിക്കുമ്പോൾ സാധാരണ ആഭരണത്തിന് പോലും ഇരട്ടി തിളക്കവും പ്രൗഢിയും തോന്നിപ്പിക്കും.
അതുപോലെ കൗണ്ടറിൽ ഇരിക്കുന്ന ചെറിയ കണ്ണാടികൾ ശ്രദ്ധിച്ചു നോക്കിയാൽ അവ നേരെയല്ല മറിച്ച് ചെറിയൊരു ചെരിവിലാണ് വെച്ചിരിക്കുന്നത് എന്ന് കാണാം. ആഭരണം കഴുത്തിൽ വെച്ച് ആ കണ്ണാടിയിലൂടെ നോക്കുമ്പോൾ ഒപ്ടിക്കൽ ഇല്ല്യൂഷൻ വഴി ആ മാലയ്ക്ക് യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ വീതിയും പൊലിമയും ഉള്ളതായി നമ്മുടെ തലച്ചോറിന് തോന്നും. നിങ്ങൾ കൗണ്ടറിൽ ഇരിക്കുമ്പോഴേക്കും ചൂടുള്ള കാപ്പിയോ ബദാം മിൽക്കോ തണുത്ത ജ്യൂസോ നിങ്ങളുടെ മുന്നിൽ എത്തും. കുറഞ്ഞപക്ഷം ഒരു ബോട്ടിൽ പച്ചവെള്ളം എങ്കിലും അവർ നിങ്ങൾക്ക് തന്നിരിക്കും. ഇത് വെറൊരു മര്യാദ മാത്രമല്ല; മനശാസ്ത്രത്തിൽ ഇതിനെ ‘റെസിപ്രോസിറ്റി എഫക്ട്’ (Reciprocity Effect) എന്ന് വിളിക്കുന്നു. ഒരാളിൽ നിന്ന് സൗജന്യമായി ഒരു സൽക്കാരം സ്വീകരിച്ചാൽ പകരം ഒരു സഹായം ചെയ്യാൻ മനുഷ്യ മനസ്സ് സ്വയം നിർബന്ധിതമാകും. അതോടെ കർക്കശമായി വിലപേശാനോ ഒന്നും വാങ്ങാതെ എഴുന്നേറ്റ് പോകാനോ നമുക്ക് ഒരു മടി തോന്നും.
സ്വർണ്ണ ബില്ലിന്റെ 3 ഭാഗങ്ങൾ
ഈ സൽക്കാരങ്ങൾക്കിടയിലാണ് സെയിൽസ്മാൻ ഒരു വെള്ളക്കടലാസിൽ പെൻസിൽ കൊണ്ടോ പേന കൊണ്ടോ എഴുതിയ ഒരു എസ്റ്റിമേറ്റ് സ്ലിപ്പ് നമ്മുടെ കയ്യിലേക്ക് തരുന്നത്. ഏതൊരു സ്വർണ്ണ ബില്ലിനെയും നമുക്ക് മൂന്ന് ഭാഗങ്ങളായിട്ട് തിരിക്കാം:
ആദ്യത്തെ ഭാഗം: അന്നത്തെ ബോർഡ് റേറ്റ് ആണ്. അതായത് 22 ക്യാരറ്റ് അഥവാ 916 സ്വർണ്ണത്തിന് അന്ന് വിപണിയിലുള്ള വില. അത് നിങ്ങൾ ആ സ്ട്രീറ്റിലെ ഏത് കടയിൽ കയറി ചോദിച്ചാലും ഒരേ നിരക്കായിരിക്കും.
രണ്ടാമത്തെ ഭാഗം: സർക്കാർ ഈടാക്കുന്ന 3 ശതമാനം ജിഎസ്ടി ആണ്. ഇത് പൂർണമായും സർക്കാരിലേക്ക് പോകുന്ന നികുതിയാണ്. ഇതിൽ ഒരു രൂപ പോലും ആ ജ്വല്ലറിക്ക് ലഭിക്കില്ല.
മൂന്നാമത്തെ ഭാഗം: ജ്വല്ലറികളുടെ മുഴുവൻ കളിയും നടക്കുന്നത് ഈ നടുവിലത്തെ ഭാഗത്താണ്. അതിനെ അവർ ‘വിഎ’ (Value Addition) അഥവാ പണിക്കൂലിയും പണിനഷ്ടവുമായി കണക്കാക്കുന്നു.
പണിക്കൂലിയും പണിനഷ്ടവും പിന്നിലെ യാഥാർത്ഥ്യവും
ഇവിടെ നമ്മൾ ഒരു നിമിഷം ചിന്തിച്ചു നോക്കണം. അഞ്ചു വർഷം മുമ്പ് ഒരു പവൻ സ്വർണ്ണത്തിന് 35,000 രൂപ ആയിരുന്നപ്പോൾ ഒരു മാല പണിയാൻ തട്ടാനോ അല്ലെങ്കിൽ ആധുനിക മെഷീനോ എടുത്തിരുന്ന അതേ സമയവും അധ്വാനവും തന്നെയാണ് ഇന്ന് സ്വർണവില ഒരു ലക്ഷം കടന്നപ്പോഴും വേണ്ടിവരുന്നത്. പക്ഷേ ജ്വല്ലറികൾ പണിക്കൂലി വാങ്ങുന്നത് ഗ്രാമിന് നിശ്ചിത തുകയായിട്ടല്ല, മറിച്ച് സ്വർണവിലയുടെ ശതമാനമായിട്ടാണ്. സാധാരണ ഡിസൈനുകൾക്ക് 12 മുതൽ 16 ശതമാനം വരെയും ലൈറ്റ് വെയിറ്റ് ഹോളോ ഗോൾഡ് ആന്റിക് ഡിസൈനുകൾക്ക് 18 മുതൽ 28 ശതമാനം വരെയുമാണ് പണിക്കൂലി ഇടുന്നത്. അതായത് സ്വർണവില കൂടുമ്പോൾ ആഭരണ നിർമാണ ചെലവ് കൂടുന്നില്ല എങ്കിലും നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങുന്ന പണിക്കൂലി അതിന്റെ ഇരട്ടിയായി മാറുന്നു.
സ്വർണം ഉരുക്കി ആഭരണമാക്കുമ്പോൾ ഒരുപാട് സ്വർണം പൊടിയായിട്ടും തരിയായിട്ടും നഷ്ടപ്പെടും എന്നാണ് പണിനഷ്ടത്തെക്കുറിച്ചുള്ള വിശദീകരണം. എന്നാൽ പണ്ടുകാലത്ത് തട്ടാന്മാർ ചൂളയിൽ ഊതി കൈകൊണ്ട് ആഭരണം പണിതിരുന്ന കാലത്താണ് ഇത്തരം നഷ്ടങ്ങൾ ഒക്കെ ഉണ്ടായിരുന്നത്. ഇന്ന് ഫാക്ടറികളിൽ ലെസർ കട്ടിങ് മെഷീനുകളും സിഎൻസി മെഷീനുകളുമാണ് ആഭരണങ്ങൾ നിർമ്മിക്കുന്നത്. അവിടെ തുടക്കത്തിൽ വരുന്ന തേയ്മാനം വെറും അരശതമാനം മുതൽ ഒരു ശതമാനം വരെയാണ്. മാത്രമല്ല, പണിശാലകളിലെ കാർപ്പെറ്റുകൾ, വാഷ് ബേസിനിലെ ചെളിവെള്ളം, എസിയുടെ ഫിൽറ്ററുകൾ എന്നിവയെല്ലാം വർഷാവസാനം റിഫൈനറികൾ ലേലത്തിൽ എടുത്ത് അതിലെ 85 മുതൽ 90 ശതമാനം വരെ സ്വർണ്ണവും അരിച്ചരിച്ചു തിരിച്ചെടുക്കുന്നു. ചുരുക്കത്തിൽ ഒരു പവൻ ആഭരണം പണിയുമ്പോൾ വായുവിൽ അലിഞ്ഞു പോകുന്ന യഥാർത്ഥ നഷ്ടം വെറും 4 മുതൽ 15 മില്ലിഗ്രാം വരെ മാത്രമാണ്.
ജ്വല്ലറികളിലെ 4 പ്രധാന തന്ത്രങ്ങൾ
ബില്ലിലെ തുക കണ്ട് ഞെട്ടി വിലപേശാൻ തുടങ്ങുമ്പോൾ കൗണ്ടറിൽ പ്രധാനമായും നാല് തന്ത്രങ്ങൾ അരങ്ങേറും:
ഡിസ്കൗണ്ട് തന്ത്രം: പണിക്കൂലി കൂടുതലാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോകാൻ ഭാവിക്കുമ്പോൾ മാനേജർ വന്ന് 5% സ്പെഷ്യൽ ഡിസ്കൗണ്ട് എന്ന് എഴുതി തരും. എന്നാൽ അവർ കുറച്ചത് ആകെ പണിക്കൂലി ശതമാനത്തിൽ നിന്നല്ല, മറിച്ച് ആ തുകയുടെ മേലുള്ള ചെറിയൊരു ഭാഗം മാത്രമായിരിക്കും.
കല്ലും അരക്കും തൂക്കി വിൽക്കുന്നത്: കല്ലുകൾ പതിപ്പിച്ച ആഭരണങ്ങൾ, ഉള്ളിൽ പൊള്ളയായ വളകൾ എന്നിവയ്ക്ക് ബലം കിട്ടാൻ ഉള്ളിൽ അരക്കോ സിന്തറ്റിക് കല്ലുകളോ നിറയ്ക്കാറുണ്ട്. ബില്ലിൽ ഇവയുടെ തൂക്കം മാറ്റി ശുദ്ധമായ സ്വർണ്ണത്തിന്റെ തൂക്കം രേഖപ്പെടുത്തണമെങ്കിലും പലപ്പോഴും കല്ലിന്റെയും ഇനാമിലിന്റെയും തൂക്കം കൂടി ചേർത്ത് സ്വർണ്ണത്തിന്റെ വിലയ്ക്കാണ് പണം വാങ്ങുന്നത്.
പഴയ സ്വർണം ഉരുക്കുന്ന ലോക്കിംഗ് തന്ത്രം: പഴയ സ്വർണ്ണം മാറ്റിയെടുക്കുമ്പോൾ ‘ഉള്ളിന്റെ മാറ്ററിയാൻ ഉരുക്കണം’ എന്ന് പറഞ്ഞ് നിങ്ങളുടെ കൺമുമ്പിൽ വെച്ച് അത് വിരൂപമായ കട്ടിയാക്കി മാറ്റും. അഴുക്കും പൊടിയും പോയെന്ന് പറഞ്ഞ് തൂക്കം കുറയ്ക്കുകയും ചെയ്യും. ഒരിക്കൽ ഉരുക്കി കഴിഞ്ഞാൽ പിന്നെ ആ കട്ടിയുമായി മറ്റൊരു ജ്വല്ലറിയിലേക്ക് പോകാൻ കഴിയില്ല.
ചിട്ടികളും ഡയമണ്ട് പ്രലോഭനങ്ങളും: 11 മാസത്തെ സ്വർണചിട്ടികൾ വഴി ബാങ്ക് പലിശയില്ലാതെ കോടികളുടെ പ്രവർത്തന മൂലധനം ജ്വല്ലറികൾ കണ്ടെത്തുന്നു. ചിട്ടി തീരുമ്പോൾ അധികം വരുന്ന ഗ്രാമിന് മുഴുവൻ പണിക്കൂലിയും ഈടാക്കും. അതുപോലെ 18 ക്യാരറ്റ് ആഭരണങ്ങളിലും ഡയമണ്ടുകളിലും ജ്വല്ലറികൾക്ക് വലിയ ലാഭമാർജിൻ ഉണ്ടെങ്കിലും അവ അത്യാവശ്യ ഘട്ടങ്ങളിൽ ബാങ്കിൽ പണയം വെക്കാനോ വിൽക്കാനോ ബുദ്ധിമുട്ടാണ്.
സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
അനാവശ്യമായി പണം നഷ്ടപ്പെടാതിരിക്കാൻ അടുത്ത തവണ സ്വർണ്ണം വാങ്ങുമ്പോൾ ഈ അഞ്ചു കാര്യങ്ങൾ നിർബന്ധമായും ചെയ്യണം:
HUID പരിശോധന: ആഭരണത്തിൽ 916 ഹോൾമാർക്കും ആറക്ക HUID നമ്പറും ഉണ്ടോ എന്ന് നോക്കി, ഔദ്യോഗിക ‘BIS Care’ ആപ്പ് വഴി അതിന്റെ ഒറിജിനാലിറ്റി പരിശോധിക്കുക.
നെറ്റ് ഗോൾഡ് വെയിറ്റ്: കല്ല്, അരക്ക് എന്നിവയുടെ തൂക്കം കഴിച്ച് ശുദ്ധമായ സ്വർണത്തിന്റെ യഥാർത്ഥ തൂകത്തിന് (Net Gold Weight) മാത്രമേ വില ഈടാക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുക.
അന്തിമ തുക താരതമ്യം ചെയ്യുക: ശതമാന ഡിസ്കൗണ്ടുകളിൽ വീഴാതെ, ജിഎസ്ടിയും എല്ലാ ചാർജുകളും ചേർത്ത് ഈ ഒരു പവൻ മാലയ്ക്ക് ആകെ എത്ര രൂപ ക്യാഷായി നൽകണമെന്ന് ചോദിച്ച് പല കടകളിലെ തുക താരതമ്യം ചെയ്യുക.
പഴയ സ്വർണം അവസാനം മാത്രം നൽകുക: മാറ്റിയെടുക്കാൻ പഴയ സ്വർണം ഉണ്ടെങ്കിൽ തുടക്കത്തിൽ പുറത്തെടുക്കരുത്. പുതിയ ആഭരണം തിരഞ്ഞെടുത്ത് ഫൈനൽ വില ഉറപ്പിച്ച ശേഷം മാത്രം പഴയ സ്വർണം കൗണ്ടറിലേക്ക് നൽകുക.
നിക്ഷേപത്തിന് സ്വർണ്ണ കോയിനുകൾ: അണിയാൻ വേണ്ടിയല്ല മറിച്ച് ഭാവിയിലേക്കുള്ള സമ്പാദ്യമായാണ് സ്വർണം വാങ്ങുന്നതെങ്കിൽ, ഭീമമായ പണിക്കൂലി കൊടുത്ത് ആഭരണം വാങ്ങുന്നതിനേക്കാൾ നല്ലത് ഗോൾഡ് ഇടിഎഫുകളിലോ 24 ക്യാരറ്റ് ഹോൾമാർക്ക് ഗോൾഡ് കോയിനുകളിലോ നിക്ഷേപിക്കുന്നതാണ്.