actress Haritha

Malayalam television actress Haritha G Nair is deeply grieving the sudden demise of her father, Geethakrishnan. Known for their tight-knit family bond, Haritha often spoke about how her parents were her world—even naming her home Girigeetham and her clothing brand Geeth by Haritha after them. To keep his presence close to them forever, the family decided to lay him to rest in the courtyard of their home in Orwakkal, Kottayam. Numerous colleagues, friends, and fans from the television industry visited to offer their final respects and support to Haritha and her mother.

അച്ഛൻ ഇനി എന്ന് എന്നും ഹരിതയ്ക്ക് അരികിൽ; അന്ത്യയുറക്കം സ്വന്തം വീട്ടുപറമ്പിൽ
സീരിയൽ താരം ഹരിത ജി നായരുടെ അച്ഛൻ ഗീതാകൃഷ്ണന്റെ വേർപാട് കടുത്ത സങ്കടത്തിലാണ് ഹരിതയെയും കുടുംബത്തെയും എത്തിച്ചിരിക്കുന്നത്. എപ്പോഴും മകൾക്ക് ചുറ്റും സ്നേഹം ചൊരിഞ്ഞു നടന്നിരുന്ന അച്ഛന്റെ അസാന്നിധ്യം നൽകുന്ന വേദന ചെറുതല്ല. മരണശേഷവും അച്ഛന്റെ സാന്നിധ്യം തനിക്കൊപ്പം ഉണ്ടാകണമെന്ന ഹരിതയുടെ ആഗ്രഹപ്രകാരം നിർണായകമായ ഒരു തീരുമാനമാണ് കുടുംബം കൈക്കൊണ്ടത്.

ഹരിത ഏറെ ആഗ്രഹിച്ച് വാങ്ങിയ കോട്ടയം ഓർവയിലെ ‘ഗിരിഗീതം’ എന്ന വീടിന്റെ വളപ്പിൽ തന്നെയാണ് അച്ഛൻ ഗീതാകൃഷ്ണനെ സംസ്കരിച്ചത്. അച്ഛന്റെ സാന്നിധ്യമില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഹരിതയ്ക്കോ അമ്മ ഗിരിജയ്ക്കോ ചിന്തിക്കാൻ പോലുമാകില്ല. വൈകിട്ടോടെ നടന്ന സംസ്കാര ചടങ്ങുകളിൽ നാട്ടുകാരും സുഹൃത്തുക്കളും സീരിയൽ രംഗത്തെ പ്രമുഖരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരം അർപ്പിക്കാനായി എത്തിയത്.

എത്ര പണം കൊടുത്താലും കിട്ടാത്ത ഒന്നാണ് അച്ഛന്റെ സ്നേഹമെന്ന് ഹരിത എപ്പോഴും പറയാറുണ്ട്. മാതാപിതാക്കളെ ദൈവതുല്യമാണ് ഹരിത കണ്ടിരുന്നത്. അച്ഛൻ ഗീതാകൃഷ്ണന്റെയും അമ്മ ഗിരിജയുടെയും പേരുകൾ കൂട്ടിച്ചേർത്താണ് ഹരിത തന്റെ വീടിന് ‘ഗിരിഗീതം’ എന്ന് പേരിട്ടത്. താരം നടത്തുന്ന ഓൺലൈൻ ബിസിനസിന് ‘ഗീത് ബൈ ഹരിത’ (Geeth by Haritha) എന്ന് പേരിട്ടതും അച്ഛനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടായിരുന്നു.

ഹരിതയുടെ ചേട്ടൻ വിവാഹിതനായി യു.എസ്.എയിലാണ് താമസിക്കുന്നത്. അതിനാൽ തന്നെ മാതാപിതാക്കളുടെ എല്ലാ കാര്യങ്ങളിലും കൂടെയുണ്ടായിരുന്നത് ഹരിതയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വരുമ്പോൾ മകളെയുമെടുത്ത് കറങ്ങാൻ പോകുന്നതും, നാട്ടിലെ വിശേഷങ്ങൾ പങ്കുവെക്കുന്നതും അച്ഛന്റെ ശീലമായിരുന്നു. ഒരു മകൾക്ക് എന്തും പറയാവുന്ന സ്വാതന്ത്ര്യമുള്ള കൂട്ടുകാരനെപ്പോലെയായിരുന്നു അച്ഛൻ. അങ്ങനെയൊരു തണൽ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ഇപ്പോൾ ഹരിതയും കുടുംബവും.